വിവാദ കുതുകികള്‍
Tuesday May 31, 2016
മുല്ലപ്പെരിയാറിന്റെയും അതിരപ്പിള്ളിയുടെയും പേരില്‍ വിവാദം സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ കേരളത്തിലെ മാധ്യമങ്ങളെ ബഹളമയമാക്കിയിരിക്കുന്നു. രണ്ടു വിഷയത്തിലും പുതുതായി ഒന്നും സംഭവിച്ചിട്ടില്ല. ഇന്നത്തെ അവസ്ഥ എന്താണെന്ന് വളച്ചുകെട്ടില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിട്ടുമുണ്ട്. പുതിയ പ്രഖ്യാപനങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല. അതിരപ്പിള്ളിയില്‍ ജലവൈദ്യുതപദ്ധതി സ്ഥാപിക്കണമെന്നത് കേരളത്തില്‍ പതിറ്റാണ്ടുകളായി ചര്‍ച്ചചെയ്യുന്ന ആവശ്യമാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യമാണ് സിപിഐ എം എക്കാലത്തും ഉയര്‍ത്തിയത്. അതിരപ്പിള്ളിപദ്ധതി നടപ്പാക്കും എന്ന വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനമാണ് വിവാദം സൃഷ്ടിക്കാന്‍ ഉപയോഗിച്ചതെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനവും വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടും നിലനില്ക്കുന്നു എന്ന വസ്തുത മുഖ്യമന്ത്രി പറഞ്ഞതിനെയാണ് വിവാദഹേതുവാക്കിയത്.
മുഖ്യമന്ത്രിയുടെതന്നെ വാചകങ്ങള്‍ ഇതാണ്. "മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായി സംഘര്‍ഷമല്ല ചര്‍ച്ചയാണ് ആവശ്യം. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നാണ് നമ്മുടെ വാദം. എന്നാല്‍, ഡാം സുരക്ഷിതമാണ് എന്നാണ് ഡാം പരിശോധിച്ച വിദഗ്ധസമിതി കണ്ടെത്തിയത്. അതല്ലെന്ന് സുപ്രീംകോടതിയില്‍ ബോധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ആവശ്യമില്ലാത്ത ആശങ്കയും സംഘര്‍ഷവുമല്ല ചര്‍ച്ചയാണ് വേണ്ടത് എന്നാണ് ഞാന്‍ ഇന്നലെ പറഞ്ഞത്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. പുതിയ ഡാം എന്നത് കേരളം ഒറ്റയ്ക്ക് തീരുമാനിച്ചാല്‍ നടക്കില്ല. നിയമസഭയില്‍ പാസാക്കിയ പ്രമേയത്തില്‍ തമിഴ്നാടിന്റെ സഹകരണത്തോടെ പുതിയ ഡാം എന്നാണ് പറഞ്ഞിരിക്കുന്നത്. അതല്ലാതെ ഡാം പണിയാന്‍ നമ്മളായി തീരുമാനിച്ചാല്‍ സാങ്കേതികമായി തടസ്സങ്ങളുണ്ടാകും. പ്രശ്നത്തില്‍ ചര്‍ച്ചയിലൂടെ സമവായം ഉണ്ടാകണം. മുല്ലപ്പെരിയാര്‍ ഡാം സംരക്ഷണ സമിതിയുമായിട്ടും പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. അവരെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ട കാര്യമില്ല. അവര്‍ നാടിനായി പോരാടുന്നവരാണ്''.”
വസ്തുതകളെ വസ്തുതകളായി കണ്ട് വികാരത്തിന്റെ വഴിയില്‍ പോകാതെയുള്ള ഈ വാക്കുകളില്‍ എന്താണ് കുഴപ്പം എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇന്നലെ എടുത്ത അതേ നിലപാട് ഇന്ന് ആവര്‍ത്തിക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്നം എന്നതിനും മറുപടിയില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമയുദ്ധത്തില്‍ കേരളം പരാജയപ്പെട്ടത് യാഥാര്‍ഥ്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. അതിനുത്തരവാദി യുഡിഎഫ് സര്‍ക്കാരാണ്. ആ വീഴ്ച മറച്ചുവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ പി ജെ ജോസഫ് ഇളക്കിവിട്ട വൈകാരിക പ്രചാരണം അതേപടി ഏറ്റുപിടിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ല. എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ വച്ച പ്രകടനപത്രികയില്‍ ഇങ്ങനെയാണ് പറയുന്നത്. "അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ സമയബന്ധിതമായും കാലോചിതമായും പുനരവലോകനം ചെയ്യുന്നതിന് ഒരു സ്ഥിരം കര്‍മസേന രൂപീകരിക്കും. നദീസംയോജന പദ്ധതിയില്‍ പമ്പ, അച്ചന്‍കോവില്‍ ആറുകളെ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നതല്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാനുള്ള പരിശ്രമം തുടരും''. പ്രകടനപത്രികയില്‍ പറഞ്ഞതെന്തോ അതാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നര്‍ഥം.
അതിരപ്പിള്ളിപദ്ധതിക്ക് ഏറ്റവുമൊടുവില്‍ 2009ല്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം പാരിസ്ഥിതിക അനുമതി നല്‍കിയതാണ്. പിന്നീട് മന്ത്രി ജയറാം രമേശ് ഇടപെട്ട് ആ അനുമതി നിഷേധിച്ചു. തുടര്‍ന്ന് 2015ല്‍ ഈ പദ്ധതിക്ക് അനുമതി നല്കാന് വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ വിദഗ്ധസമിതി ശുപാര്‍ശചെയ്തു. കേന്ദ്ര ജലകമീഷനും അനുകൂല റിപ്പോര്‍ട്ട് നല്കി. 153 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ഈ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുവച്ചത്. അതില്‍നിന്ന് സിപിഐ എം ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നവകേരള മാര്‍ച്ച് ചാലക്കുടിയിലെത്തിയപ്പോള്‍ ജാഥാലീഡര്‍ പിണറായി വിജയന് അസന്ദിഗ്ധമായി അതിരപ്പിള്ളിപദ്ധതി നടപ്പാക്കും എന്നാണ് പ്രഖ്യാപിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നത് ഇങ്ങനെയാണ്. "2021 ഓടെ 500 മെഗാവാട്ട് ജലവൈദ്യുതപദ്ധതികളില്‍നിന്നും അധികമായി ലക്ഷ്യമിടുന്നു. നിലവിലുള്ള പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കല്‍, പുതിയവ നടപ്പാക്കല്‍, നിലവിലുള്ളവയുടെ വൃഷ്ടിപ്രദേശത്തിന്റെ പുനരുദ്ധാരണം, സംഭരണശേഷി വര്‍ധിപ്പിക്കല്‍ എന്നിവയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കും''. പ്രകടനപത്രികയില്‍ പറഞ്ഞ ജലപദ്ധതികള്‍ ഏതെന്ന ചര്‍ച്ചയില്‍ ആദ്യംവരുന്ന പേരുതന്നെയാണ് അതിരപ്പിള്ളി. കുറഞ്ഞ വനനാശം, വെള്ളച്ചാട്ടത്തിന്റെ തനതുഭംഗി കാത്തുസൂക്ഷിക്കല്‍, ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും കുറഞ്ഞതോതിലുള്ള ഭൂമി ഉപയോഗം– ഇവയൊക്കെ ഉറപ്പാക്കിയാണ് അതിരപ്പിള്ളിപദ്ധതി വിഭാവനംചെയ്യുന്നത്്. സംസ്ഥാനത്തിന്റെ ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്ന ഈ ഘട്ടത്തില്‍ അനിവാര്യമായും നടപ്പാക്കേണ്ട ഒന്നാണ് ആ പദ്ധതി.
അതിരപ്പിള്ളി– മുല്ലപ്പെരിയാര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും പരിസ്ഥിതിസ്നേഹികള്‍ക്ക് ആശങ്ക ഉണ്ടാകും. മുല്ലപ്പെരിയാറിന്റെ സുരക്ഷയെ കരുതിയുള്ള ഭീതി വലിയവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. യഥാര്‍ഥ വസ്തുതകള്‍വച്ച് സത്യസന്ധമായ ഇടപെടലിലൂടെയും മുന്കൈയിലൂടെയുമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുക. എല്‍ഡിഎഫ് സര്‍ക്കാര്‍ അതാണ് ചെയ്യുന്നത്. ജനങ്ങളുടെ മനസ്സ് അതിനോടൊപ്പമാണ്. വെള്ളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന വിവാദ വ്യവസായക്കാര്‍ നിരാശരാകുകയേ ഉള്ളൂ